അമ്മക്കിളിയുടെ ചിറകില്‍ നിന്ന്
അവള്‍ പറന്നിട്ടില്ല,
ആന കേറാ മലയിലൊന്നും
അവള്‍ പോയിട്ടില്ല,
മുറ്റത്തുള്ള കളിക്കൂട്ടുകാര്‍
അവളെ കൈവിട്ടു..
കൊത്തിയകറ്റിയത് പോലെ..
ചിറകുകളറുത്ത് ,തൂവലുകളിറുത്ത് ,
അവളെ വഴിയില്‍ എറിഞ്ഞു ...
വെറും വാക്കുകള്‍ കൊണ്ടു വെള്ള പൂശി
നമ്മള്‍ സഹോദരങ്ങള്‍...
ഇന്നലെ പാളങ്ങള്‍ക്ക്
ഉറക്കം വന്നില്ല,
നിസ്സഹായതയുടെ
ദൈന്യതയില്‍
ആ പെണ്‍കുട്ടിയുടെ നനുത്ത
നഗ്നത കിടന്നപ്പോള്‍
പാളങ്ങളെക്കാള്‍
മരവിച്ച മനസ്സുകളുമായി
നമ്മള്‍ ട്രെയിനില്‍..
കാഴ്ചക്കാരാവുന്നതിനു
പരിശീലനം സിദ്ധിച്ച
ജീവിത യാത്രക്കാര്‍..
മരിച്ചു കഴിഞ്ഞപ്പോള്‍
അവളെ യേശുവാക്കുവാനും,
ഈശ്വരനാക്കുവാനും
പ്രസ്താവനകള്‍..
നമുക്ക് സായുജ്യം..
നഷ്ടം അമ്മയ്ക്കല്ല,
കുടുംബത്തിനുമല്ല,
ഒരു സമൂഹത്തിന്റെ
മാനമാകുന്നു..
ഈ അന്ധരുടെ യാചക ശാലയില്‍
അവള്‍ ഒരു ഉള്‍ ദീപം തെളിയ്ക്കട്ടെ,
ആരതികള്‍...
No comments:
Post a Comment